സ്ഥാപന ചരിത്രം
കേരള തലസ്ഥാനമായ തിരുവനന്തപുരത്തു നിന്ന് ഏകദേശം 34കിലോമീറ്റര്‍ വടക്കുമാറി സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പുളിമാത്ത്. അതിപുരാതനമായ ചരിത്ര പശ്ചാത്തലമുള്ള പുളിമാത്ത് വാമനാപുരം നദിയുടെയും കിളിമാനൂര്‍ ചിറ്റാര്‍ നദിയുടെയും സമതലങ്ങളില്‍ രൂപം കൊള്ളുകയും കാലഘട്ടങ്ങളിലൂടെ വികസിച്ച് വളർച്ച പ്രാപിക്കുകയും ചെയ്തതാണ്. ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഭാഗവാക്കായ നിലവധി ദേശ സ്നേഹികളെ സംഭാവന ചെയ്ത നാടാണ് പുളിമാത്ത്. കേരളത്തിന്‍റെ ഇതരഭാഗങ്ങളില്‍ നിലനിന്നിരുന്ന സാമൂഹ്യ പശ്ചാത്തലം തന്നെയാണ് പുളിമാത്ത് പഞ്ചായത്ത് ഉള്‍പ്പെടുന്ന പ്രദേശത്തും നിലനിന്നിരുന്നത്. നാടുവാഴി ഭൂപ്രഭുക്കന്മാരുടെ നിയന്ത്രണവും ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭരണ സംവിധാനവും ഇവിടെ നിലനിന്നിരുന്നു.എന്നാല്‍ പില്‍ക്കാലത്തുണ്ടായ പുതിയ നിയമങ്ങളുടെയും സാമൂഹ്യ വ്യവസ്ഥിതിലുണ്ടായ അടിസ്ഥാന പരമായ മാറ്റങ്ങളുടെയും ഫലമായി സമുലമായ മാറ്റമുണ്ടായി. രാജവാഴ്ചയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്ന പുളിമാത്ത് പ്രദേശത്തിന് അതിന്‍റെപേര് എങ്ങനെ ലഭിച്ചു എന്നതിനെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് പഴയ തലമുറയില്‍ നിന്ന് പകര്‍ന്നു കിട്ടിയിട്ടുള്ളത്. ഇവയില്‍ പ്രധാനമായത് കൊടുംവനപ്രദേശമായിരുന്ന ഇവിടെ വന്യജീവികളുടെ, പ്രത്യേകിച്ച് കാട്ടുപുലികളുടെ നിരന്തരമായ ശല്യമുണ്ടായിരുന്നുവെന്നും ഇവയുടെ ശല്യം സഹിക്കാനാകാതെ ജനങ്ങള്‍ ദേവീപൂജ നടത്തിയെന്നു തുടര്‍ന്ന് ദിവ്യശക്തിയുള്ള ഒരു സ്ത്രീരൂപം പുലിപ്പുറത്ത് പ്രത്യക്ഷപ്പെട്ടെന്നും പ്രസ്തുത സ്ത്രീസങ്കല്‍പ്പത്തെ ഇഷ്ട ആരാധനാ മൂര്‍ത്തിയായി സങ്കല്പ്പിച്ച് ഇന്ന് പുളിമാത്ത് ദേവീക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചുവെന്നുമാണ്. ഇതിന്‍റെ ഓര്‍മ്മയ്ക്കായി പുലിയുടെ പുറത്തുകയറി വന്ന് തങ്ങളെരക്ഷിച്ച മാതാവ് എന്ന അര്‍ത്ഥത്തില്‍ പുലിമാതാവ് ന്നു വിളിക്കുകയും അത് പിന്നീട് പുളിമാത്ത് ആയിത്തീരുകയും ചെയ്തുവത്രെ. കൊടുംകാട് നിലനിന്നിരുന്ന കാലം മുതല്‍ക്കു തന്നെ വളരെ ക്കൂടുതല്‍ പുളിമരങ്ങള്‍ നിലവിലുണ്ടായിരുന്നതിനാലാണ് ഈ പേരു വന്നതാണ് പ്രബലമായ മറ്റൊരു വാദഗതി.പുളിമാത്ത്, കൊടുവഴന്നൂര്‍ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പഞ്ചായത്തിന്26.96 ചതുരശ്ര കിലോ മീറ്റര്‍ ഭൂവിസ്തൃതിയുണ്ട്. 2001 ലെ സെന്‍സസ് പ്രകാരമുള്ള പഞ്ചായത്തിന്‍റ ജനസംഖ്യ 31,219 ആണ്. പുളിമാത്ത് പഞ്ചായത്ത് രൂപീകൃതമായ സമയത്തേതില്‍ നിന്നും ഭരണപരമായ അതിര്‍ത്തികളില്‍ കാര്യമായ മാറ്റങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടായിട്ടുണ്ട്. വടക്ക് കിളിമാനൂര്‍,പഴയകുന്നുമ്മേല്‍, കടയ്ക്കല്‍, കുമ്മിള്‍ എന്നീ ഗ്രാമ പഞ്ചായത്തുകളും കിഴക്ക് കല്ലറ, വാമനപുരം ഗ്രാമപഞ്ചായത്തുകളും തെക്ക് വാമനപുരം നദിയും പടിഞ്ഞാറ് നഗരൂര്‍ ഗ്രാമപഞ്ചായത്തുമാണ് നിലവിലുള്ള അതിര്‍ത്തികള്‍.